Saturday, 23 March 2013

നേർ രേഖ


ഒരു മെഴുകുതിരി നാളം
കൊണ്ടൊരു നേർ രേഖ
തീർത്തവൻ കൃഷ്ണനും
ക്രിസ്തുവിനുമിടയിൽ.

കണ്ടുനിന്നവർക്ക്‌
തിമിരമായിരുന്നു,
മതമെന്ന തിമിരം,
അവൻ തീർത്ത
സത്യത്തിൻ
നേർ രേഖ കാണാൻ.

അവർ ചാർത്തി
അവന്‌ ഭ്രാന്തിന്റെ
നെറ്റിപ്പട്ടം.

ഒരു ഹസ്തദാനം
കൊണ്ടൊരു നേർ രേഖ
തീർത്തവൻ മാടമ്പിക്കും
അടിമയ്ക്കുമിടയിൽ.

കണ്ടുനിന്നവർക്ക്‌
തിമിരമായിരുന്നു,
അഹമെന്ന തിമിരം,
അവൻ തീർത്ത
സമത്വത്തിൻ
നേർ രേഖ കാണാൻ.

അവർ ചാർത്തി
അവന്‌ ഭ്രാന്തിന്റെ
ആലവട്ടം.

ഒടുവിൽ അവർ
അറിവുള്ളവർ,
ബുദ്ധിയുള്ളവർ,
സർവ്വഞ്ജർ
അവന്‌ ഭ്രാന്തിന്റെ
തിടമ്പേറ്റാൻ വരവായി.

മാറില്ല മർത്ത്യന്റെ
മതമെന്ന ഭ്രാന്ത്‌,
മാറില്ല മർത്ത്യന്റെ
അഹമെന്ന ഭ്രാന്ത്‌,
എന്ന തിരിച്ചറിവിൽ
ഭ്രാന്തിന്റെ തിടമ്പേറ്റിന്‌ മുൻപ്‌
കാലപാശം വരിച്ചവൻ
യാത്രയായി,
സ്വച്ഛന്ദമൃത്യുവിലേക്കവൻ
യാത്രയായി.


7 comments:

  1. ചില ഭ്രാന്തുകള്‍ മാറില്ല

    ReplyDelete
  2. മതങ്ങള്‍ മനുഷ്യ നന്മക്കാവണം മനുഷ്യ നാശത്തിനാവരുത് .!!,,,

    ReplyDelete
  3. വൈക്കം മുഹമ്മദ്‌ ബഷീറിനും
    അതുണ്ടായിരുന്നു എന്ന്...
    ഒരുവേള
    അവർ ചാർത്തി
    എനിക്കും ഭ്രാന്തിന്റെ
    ആലവട്ടം.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete