Wednesday, 15 May 2013

ആകാശത്തേക്ക്...

ആകാശത്തേക്ക്‌ തുറക്കുന്ന
ഒരു വാതിലുണ്ട്‌
എന്‍റെ മനസ്സിൽ...
വഴിയറിയാതെ,
ദിശയറിയാതെ,
ഇരുട്ടിൽ അലയുമ്പോൾ
ഒരു നക്ഷത്രമായി അതിലൂടെ
ഇറങ്ങി വരാറുണ്ട്‌,
എന്‍റെ അച്ഛൻ.
അച്ഛന്‍റെ വിരൽ പിടിച്ച്‌
വെളിച്ചത്തിലേക്ക്
നടന്നു പോകാറുണ്ട് ഞാൻ ...

ആകാശത്തേക്ക്‌ തുറക്കുന്ന
ഒരു ജാലകമുണ്ട്
എന്‍റെ മനസ്സിൽ...
ജീവിത ഭാരത്താല്‍,
ആകുലതയാല്‍
ഉഴറുമ്പോള്‍,
ഒരു നക്ഷത്രമായി അതിലൂടെ
ഇറങ്ങി വരാറുണ്ട്‌
എന്‍റെ അമ്മ.
ചുട്ടുപൊള്ളുന്ന നെറ്റിയിൽ
ഒരു ഉമ്മ നൽകി...
തിരികെ പോകാറുണ്ട്‌
എന്‍റെ അമ്മ.

ക്ഷണമാത്രം,
ആ മടിയിൽ തല വച്ച്‌
ആ വയറിൽ ഉമ്മ വച്ചുറങ്ങുന്ന
ഏഴുവയസുകാരനാകാറുണ്ട്‌........., ഞാൻ...

Friday, 10 May 2013

ഇനിയും


നിന്നിലേക്ക്‌ ഒഴുകാൻ 
കൊതിക്കുന്ന ഒരു പുഴയായ്‌.
എന്റെ സ്നേഹം 
ഇനിയും കാണാത്തതെന്തു നീ,
കാണാത്തതായ് നടിക്കുന്നതോ?

നിന്റെ കണ്ണുകളിലേക്കു
നോക്കുമ്പോൾ ഞാൻ,
കാണും നക്ഷത്രങ്ങൾ, 
എന്റെ കണ്ണുകളിൽ തിളങ്ങുന്നത്‌ 
നീ കാണാത്തതെന്തേ?

നിന്റെ മന്ദഹാസം 
എന്‍റെ നേരേ നീളുമ്പോൾ,
മനസ്സിൽ നിറയുമാഹ്ലാദത്തിൻ
ചെറുപുഞ്ചിരി എൻ ചുണ്ടിൽ-
വിടരുന്നത്‌ നീ അറിയാത്തതെന്തെ?

പകലിൻ തിരക്കിലും,
ഇരവിൻ വിജനതയിലും,
ഇന്നു ഞാൻ തിരയുവത്‌
നിന്നെയെന്ന്, നിന്നെ മാത്രമെന്ന് 
ഇനിയും അറിയാത്തതെന്ത്‌ നീ...
അറിയാത്തതായ്‌ നടിക്കുവതോ?

ഇനിയില്ലെനിക്ക്‌
നിന്റെ സാമീപ്യമില്ലാതെ,
നിൻ ചുണ്ടിലെ മന്ദഹാസമില്ലാതെ,
നിന്റെ കടക്കണ്ണിലെ നക്ഷത്രങ്ങളില്ലാതെ,
ഒരർത്ഥവും, ഒരു ജീവിതവും, ഒരു മരണവും...