Friday, 29 March 2013

ആത്മഗതം

ഒന്നും പറയാനില്ല.
അല്ലെങ്കിലും പരാജിതന്‍റെ
കഥ ആർക്ക്‌ കേൾക്കണം.
വിജയങ്ങളുടെ, കീഴടക്കലുകളുടെ
കഥ കേൾക്കാനല്ലെ എല്ലാർക്കും ആഗ്രഹം.
ഒരോ വിജയകഥകളിലൂടെയും നാം നമ്മിലെ
പരാജിതനെ മറക്കാൻ ശ്രമിക്കുകയല്ലെ.
അല്ലെങ്കിലും പണത്തിനും പ്രണയത്തിനും
സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള
ഒരോ വിജയങ്ങളിലും നാം പരാജയപ്പെടുകയല്ലെ.
ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്‌
ഞാൻ എന്താണീ പുലമ്പുന്നതെന്നാവും.
ഇതൊരു പരാജിതന്റെ ആത്മഗതം.
ജീവിതത്തിൽ പലവട്ടം പരാജയപ്പെട്ടവന്‍റെ ആത്മഗതം.

അമാവാസകാലം കഴിഞ്ഞെന്ന് കരുതിയതാണ്‌.
പാതിവിടർന്ന ചന്ദ്രന്‍റെ അരണ്ടവെളിച്ചം
മനസ്സിലെ അന്ധകാരത്തിൽ തെളിഞ്ഞു തുടങ്ങിയതാണ്‌.
പ്രതീക്ഷ നേർത്ത മഴയായി പെയ്ത്‌ തുടങ്ങിയിരുന്നു
പക്ഷെ മെല്ലെ മെല്ലെ മഴ ഉറയ്ക്കുകയായിരുന്നു.
മെല്ലെ മെല്ലെ അത്‌ പേമരിയാവുകയായിരുന്നു.
കാർമ്മേഘങ്ങൾ ആശ്വാസത്തിന്‍റെ
വെളിച്ചത്തെ മറയ്ക്കുകയായിരുന്നു.
പെയ്തിറങ്ങിയ പേമാരിയിലും വെള്ളപ്പൊക്കത്തിലും
പ്രത്യാശയുടെ പുതുനാമ്പുകൾ
ഒലിച്ച്‌ പോകുകയായിരുന്നു.
ഒടുവിൽ വീണ്ടും തനിച്ചായപ്പോൾ,
തകർന്നടിഞ്ഞ പ്രതീക്ഷകൾക്ക്‌ നടുവിൽ
തനിച്ചാകുമ്പോൾ, മനസ്സിൽ പടരുന്ന
മരവിപ്പ്‌ മാത്രം, പലവട്ടം പരാജയം
ഏറ്റുവാങ്ങിയവന്‍റെ നിസ്സംഗത മാത്രം.
അമാവാസകാലം ഒരിക്കലും കഴിയില്ലെന്ന,
പ്രതീക്ഷകൾ വെറും മരീചികയാണെന്ന തിരിച്ചറിവ്‌ മാത്രം.

വളപ്പൊട്ടുകളും മഞ്ചാടിമണികളും

സ്വർണ്ണഖനികളില്ല.
നവരത്നങ്ങളില്ല.
നിധിയായി കാത്തുവച്ച
വളപ്പൊട്ടുകളും
മഞ്ചാടിമണികളും മാത്രം.
അച്ഛന്റെ വിരൽതുംബിൽ തൂങ്ങി
അക്ഷര മുറ്റത്ത്‌ പകച്ച്‌ നിന്നതും,
കളിക്കൂട്ടുകാരിയുടെ
കൈപിടിച്ച്‌ നടന്നതും,
കൊത്തംകല്ല് കളിച്ചതും,
വഴക്കിട്ട്‌ മുടിപിടിച്ച്‌ വലിച്ചതിന്‌
പലനാൾ പിണങ്ങിനടന്നതും,
ഒരു വാക്കിനായ്‌
ഒരു മന്ദസ്മിതത്തിനായ്‌
പുറകെ നടന്നതും,
തൊടിയിലെ കുന്നിമണികൾ
തേടിനടന്നതും നിധിയായ്‌
കാത്തുവച്ചതും,
കൗമാര മോഹങ്ങളും
മോഹഭംഗങ്ങളും,
മഞ്ചാടിമണികളായ്‌ വളപ്പൊട്ടുകളായ്‌
നിധിപൊലെ കാത്തിടുന്നു ഇന്നും.

മോഹം

തകർന്ന വീധികളിലീ
അർത്ഥശൂന്യമാം
യാത്രയിൽ
മുടന്തിനീങ്ങവെ,
ഒരു നിഴലായ്‌,
നിശ്വാസമായ്‌
നീ കൂടെയുണ്ടായിരുന്നെങ്കിലെന്ന്
വ്യർത്ഥമാമൊരു മോഹം
ഒരു കണ്ണീർത്തുള്ളിയായ്‌
ഉള്ളിലുറഞ്ഞുകൂടുന്നു.

Tuesday, 26 March 2013

ഓർമ്മ മരം.

മനസ്സിന്റെ മുറ്റത്ത്‌
ഒരു മരം നിൽക്കുന്നുണ്ട്‌.
ഒരു ഓർമ്മ മരം.

ചിലപ്പോൾ അത്‌ 
പൂത്തുലഞ്ഞ 
കണിക്കൊന്ന പോലെ
പ്രകാശം പരത്താറുണ്ട്‌..

ചിലപ്പൊഴൊക്കെ അത്‌
വർഷകാലത്തെ മാന്തളിരിൽ

 നിന്നെന്ന പോലെ
കണ്ണീർ പൊഴിക്കാറുണ്ട്‌...

മറ്റ്‌ ചിലപ്പോൾ അത്‌ ശിശിരത്തിലെ
ഇലപൊഴിഞ്ഞ ഓക്ക്‌ മരം പോലെ

ശാഖകൾ വിരിച്ച്‌ അനന്തതയിലേക്ക്‌ 
കണ്ണുനട്ട്‌ നിൽക്കാറുണ്ട്‌..

ചിലപ്പോൾ അത്‌ കൊടുംവേനലിലെ
വരൾച്ചയിൽ ഉണങ്ങിയ അത്തിമരം പോലെ
നിസ്സഹായമായി നിൽക്കാറുണ്ട്‌..

അതിശൈത്യത്തില്‍ 
ശീതനിദ്രയുടെ 
ഗര്‍ഭത്തിലേക്ക് മടങ്ങുന്ന വിത്തുകള്‍ പോലെ,
അത് ചിലപ്പോള്‍ ഇലകളും ശിഖരങ്ങളും
തന്റെ വേരുകളിലേക്ക്‌ ഒതുക്കി 
വിസ്മൃതിയുടെ ആഴങ്ങളിൽ മറയാറുണ്ട്.


മനസ്സിന്റെ മുറ്റത്ത്‌
ഒരു മരം നിൽക്കുന്നുണ്ട്‌.
ഒരു ഓർമ്മ മരം.

Monday, 25 March 2013

മരണമണി

മനസ്സിന്റെ മുറ്റത്ത്‌ ഒരോർമ്മ മരിച്ചുകിടക്കുന്നു.
മരിച്ചുപോയ ഓർമ്മകളുടെ ആത്മാക്കൾ 
ചുറ്റും കൂടിയിരുന്ന് അലമുറയിടുന്നു.
മരിക്കാത്ത ഓർമ്മകൾ ശവക്കുഴിയെടുക്കുന്നു.
ഓർമ്മകളുടെ മരം മുറിച്ച്‌ ചിതയൊരുക്കുന്നു.

Saturday, 23 March 2013

നേർ രേഖ


ഒരു മെഴുകുതിരി നാളം
കൊണ്ടൊരു നേർ രേഖ
തീർത്തവൻ കൃഷ്ണനും
ക്രിസ്തുവിനുമിടയിൽ.

കണ്ടുനിന്നവർക്ക്‌
തിമിരമായിരുന്നു,
മതമെന്ന തിമിരം,
അവൻ തീർത്ത
സത്യത്തിൻ
നേർ രേഖ കാണാൻ.

അവർ ചാർത്തി
അവന്‌ ഭ്രാന്തിന്റെ
നെറ്റിപ്പട്ടം.

ഒരു ഹസ്തദാനം
കൊണ്ടൊരു നേർ രേഖ
തീർത്തവൻ മാടമ്പിക്കും
അടിമയ്ക്കുമിടയിൽ.

കണ്ടുനിന്നവർക്ക്‌
തിമിരമായിരുന്നു,
അഹമെന്ന തിമിരം,
അവൻ തീർത്ത
സമത്വത്തിൻ
നേർ രേഖ കാണാൻ.

അവർ ചാർത്തി
അവന്‌ ഭ്രാന്തിന്റെ
ആലവട്ടം.

ഒടുവിൽ അവർ
അറിവുള്ളവർ,
ബുദ്ധിയുള്ളവർ,
സർവ്വഞ്ജർ
അവന്‌ ഭ്രാന്തിന്റെ
തിടമ്പേറ്റാൻ വരവായി.

മാറില്ല മർത്ത്യന്റെ
മതമെന്ന ഭ്രാന്ത്‌,
മാറില്ല മർത്ത്യന്റെ
അഹമെന്ന ഭ്രാന്ത്‌,
എന്ന തിരിച്ചറിവിൽ
ഭ്രാന്തിന്റെ തിടമ്പേറ്റിന്‌ മുൻപ്‌
കാലപാശം വരിച്ചവൻ
യാത്രയായി,
സ്വച്ഛന്ദമൃത്യുവിലേക്കവൻ
യാത്രയായി.


Thursday, 21 March 2013

മനസ്സ്‌ കാട്‌ കയറി ...
ഒരു വെള്ള മയിൽപീലി തേടി...

പൂക്കൾ വിടരാത്ത 
ശലഭങ്ങൾ പിറക്കാത്ത മണൽക്കാട്ടിൽ
സ്നേഹത്തിന്റെ നിറമുള്ള മയിൽപീലി തേടി...

ചെന്നായയും കഴുതപ്പുലിയും
പതിയിരിക്കുന്ന നിഴൽക്കാട്ടിൽ
നന്മയുടെ മണമുള്ള മയിൽപീലി തേടി...

മനസ്സ്‌ കാട്‌ കയറി...

കണ്ടതോ ക്രൂരതയുടെ നിറം, ചിരിയുടെ
ആട്ടിൻ തോലിലൊളിപ്പിച്ച ചെന്നായയെയും
വഞ്ചനയുടെ നീലച്ചായം മുക്കിയ കുറുനരിയെയും മാത്രം...

കിട്ടിയതോ ഇരതേടി അലയുന്ന കൂമന്റെ,
ശവം തേടിയലയുന്ന കഴുകന്റെ,
ചതിയുടെ ചാരനിറമാർന്ന തൂവലുകൾ മാത്രം...

മനസ്സ്‌ കാടിറങ്ങി...
വെള്ള നിറമുള്ള മയിൽപീലിയെന്ന സ്വപ്നം നഷ്ടപ്പെട്ട്‌...
മനസ്സ്‌ കാടിറങ്ങി...
യാത്രയാകാന്‍ സമയമായി.
കടമകള്‍ തീര്‍ക്കാന്‍ അനുവദിക്കാതെ,
മരണം അവളെ കാത്തിരിക്കുന്നു.

ഓരോ നിമിഷവും ഭാരമേറിവരുന്നു.
താളം തെറ്റിയ ഹൃദയത്തിന് 
ഇനിയും ഈ ഭാരം താങ്ങാനാവില്ല.

ബാല്യം വിട്ടകലാത്ത മക്കള്‍,
കട്ടിലിനരികില്‍ ഒന്നുമറിയാതെ കലപില കൂട്ടുമ്പോള്‍
ഹൃദയത്തിൽ ഒരു നീറ്റൽ പിന്നെയും.

ഹൃദയത്തിന്റെ താളം തെറ്റിയതോടെ
ജീവിതത്തിന്റെ താളവും തെറ്റി.
ഒരു ഭാരമായ് താനും മക്കളും.

അയാള്‍ പുതിയ സ്വര്‍ഗം തേടിപ്പോയപ്പോഴും വെറുക്കാനായില്ല.
ആദ്യമായി തൊട്ടറിഞ്ഞ പുരുഷനെ അവൾ മറക്കുവതെങ്ങിനെ.
അവസാനമായി ഒരു നോക്ക്‌ കാണാൻ തുടിക്കുന്നു ഹൃദയം.

മരണം കൈയെത്തും ദൂരത്ത്‌ കാത്തിരിക്കുന്നു.
ജീവിച്ച്‌ കൊതി തീർന്നില്ല.
മക്കളെ ലാളിച്ച്‌ കൊതി തീർന്നിട്ടില്ല.

ബാല്യം വിട്ടകലാത്ത മക്കൾ,
വൃദ്ധരായ മാതാപിതാക്കള്‍,
കൈപിടിച്ച്‌ കരയുന്ന കുഞ്ഞനുജന്‍..

എങ്കിലും യാത്രയാകാൻ സമയമായി.
യാത്രയാകാൻ സമയമായി.
സമയമായി.

മൗനം

മൗനം
മൗനം നമുക്കിടയിൽ വസന്തമായിരുന്നു.
നിന്റെ മന്ദസ്മിതങ്ങളിൽ നിന്നടർന്നുവീണ
മൗനത്തിന്റെ പൂക്കൾ കൊണ്ട്‌ മഴവില്ല് തീർത്തിരുന്നു നമ്മൾ.

മൗനം
അത്‌ നമുക്കിടയിൽ ശിശിരമായതെന്നാണ്‌.
നിന്റെ വിരൽതുമ്പുകളിൽ നിന്നുതിർന്ന 
മൗനത്തിന്റെ മഞ്ഞുതുള്ളികൾ വീണുറയുന്നു നമുക്കിടയിൽ.

മൗനം
ഇപ്പൊഴത്‌ ഗ്രീഷ്മത്തിന്റെ സൂര്യതാപമാണ്‌.
നിന്റെ കൺകോണുകളിൽ നിന്നുള്ള
മൗനത്തിന്റെ കനൽക്കാറ്റേറ്റ്‌ വെന്തെരിയുന്നു.

നിന്റെ മൗനത്തിന്റെ ദംശമേറ്റ്‌ പിടയുകയാണ്‌ മനസ്സ്‌.
നിന്റെ മൗനത്തിന്റെ ആലിംഗനത്തിൽ തകരുകയാണെൻ മനസ്സ്‌.
ഇന്ന് ഞാൻ എന്നിലെ
എന്നെ കണ്ടു.

മറഞ്ഞു പോയ
നിറങ്ങളിൽ
അഴിഞ്ഞുവീണ ചമയങ്ങൾ.

കറുപ്പിലും വെളുപ്പിലും
തെളിയുന്ന യാഥാർത്ഥ്യത്തിന്റെ
ജരാനരകൾ.

കണ്ണുകൾക്കു ചുറ്റും പടർന്ന
നഷ്ടസ്വപ്നങ്ങളുടെ കരിനിഴൽ.

വരണ്ട ചുണ്ടുകളിലെ
ജീവിതഭാരത്തിന്റെ
ദന്തക്ഷതങ്ങൾ.

മന്ദഹാസമകന്ന
മുഖത്തെ കാലത്തിന്റെ
നഖക്ഷതങ്ങൾ.

ഇന്ന് ഞാൻ എന്നിലെ
ഞാനെന്ന എന്നെ കണ്ടു.

രാക്ഷസീയം

ഞാൻ മുഖപുസ്തകത്തിന്റെ താളുകളിൽ
സൗഹൃദത്തിന്റെ മുഖങ്ങൾ തേടിനടന്ന കാലം.
ഇതൊരു സൗഹൃദത്തിന്റെ കഥ,

സൗഹൃദം 
എന്നും ഒരു കൗമാരക്കാരൻ

ജീവിതം കരുപ്പിടിപ്പിക്കുന്ന തത്രപ്പാടിൽ 
കൗമാരത്തിലെ ബൃഹത്തായ സൗഹൃദങ്ങൾ
ഒരോന്നായി
കൈവിരലുകൾക്കിടയിലൂടെ ഒഴുകിപ്പോയി.

സർക്കാർ ജീവിതത്തിന്റെ മരവിപ്പിനിടയിൽ
കുടുംബജീവിതത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ
തുറന്നുകിട്ടിയ സൗഹൃദങ്ങളുടെ ഒരു മായിക ലോകം.
ഒത്തിരി സുഹൃത്തുക്കൾ സൗഹൃദത്തിന്റെ സായന്തനങ്ങൾ.
മെല്ലെമെല്ലെ ആ സത്യത്തിന്റെ തണുപ്പ്‌ അരിച്ചിറങ്ങി.
ഏറെയും പൊയ്മുഖങ്ങളാണ്‌.
ഒരു പൊയ്മുഖം കെട്ടിയാടാൻ താൽപര്യമില്ലാത്തതിനാൽ ഒടുവിൽ ആ കൂട്ടം വിട്ടുനിന്നു.

നാളുകൾക്ക്‌ ശേഷം മുഖപുസ്തകം
നമ്മുടെ ജീവിതത്തിൽ അന്തസ്സിന്റെ ചിഹ്നമായ്‌ കടന്നുവന്നു.
അന്തസ്സിനായ്‌ ഞാനും സ്വന്തമാക്കി ഒരു താൾ.
ഇടവേളകൾ ആനന്ദകരമാക്കാൻ മുഖപുസ്തകത്തിൽ
കയറിയിറങ്ങി നടന്ന നാളുകൾ.
സൈബർ സൗഹൃദങ്ങളുടെ ആഴമില്ലായ്മ മനസ്സിലാക്കിയിരുന്നതിനാൽ,
ഒരകലങ്ങളിൽ മാത്രമായിരുന്നു എന്റെ യാത്രകൾ.

പൊടുന്നനെയായിരുന്നു അവൻ
എന്റെ ഇടവേളകളിലേക്ക്‌ കടന്നുവന്നത്‌.
എന്നെപ്പൊലെതന്നെ സൈബർ സൗഹൃദങ്ങളെ
അവിശ്വാസത്തോടെ നോക്കിക്കണ്ടവൻ.
മെല്ലെ മെല്ലെ ഞാൻ തിരിച്ചറിയുകയായിരുന്നു,
ഞങ്ങൾ ഒരേ യാനത്തിലെ യത്രക്കാരാണെന്ന്.
രാക്ഷസഭാവങ്ങൾക്ക്‌ പിന്നിലെ നന്മകൾ തിരിച്ചറിയുകയായിരുന്നു.

കാണാപ്പുറത്ത്‌, ഏഴു സാഗരങ്ങൾക്കപ്പുറത്ത്‌,
ഭൗതിക ലാഭങ്ങൾക്കും സ്വാർത്ഥതകൾക്കുമപ്പുറത്ത്‌,
ഒരു സഹോദരനായി, ഒരു സുഹൃത്തായി, ഒരു കൈത്താങ്ങായി
അവൻ എന്റെ പ്രിയസ്നേഹിതൻ...
നിഷ്കളങ്കമായ ബാല്യം ചീന്തിയെറിഞ്ഞ രാക്ഷസ ജന്മമേ..
നിന്റ്റെ ശരീരത്തിൽ മുളച്ചത് ആയിരം ലിംഗങ്ങളോ?
നിന്റ്റെ ഭ്രാന്തമായ കല്പനകളിൽ
നിറഞ്ഞത് കൊടും ക്രൂരതയുടെ വിഷമോ..
ഇനിയൊരാളുടെ
മേലും നിന്റ്റെ ആസുര ദൃഷ്ടി പതി യാതിരിക്കാൻ, 
ചൂഴ്ന്നെടുക്കപ്പെടട്ടെ നിന്റ്റെ കഴുകദൃഷ്ടികൾ. 
ഇനിയൊരാളുടെ മേലും
ആസക്തിയുടെ ദംഷ്ട്രകൾ പതി യാതിരിക്കാൻ,
ഛേദിക്കപ്പെടട്ടെ നിന്റ്റെ കരാളഹസ്തങ്ങൾ.
ഇനിയൊരാളുടെ മേലിലും രാക്ഷസീയമായ കാമത്തിന്റ്റെ കറ വീഴാതിരിക്കാൻ ഛേദിക്കപ്പെടട്ടെ കാടത്തം ഉദ്ധരിക്കുന്ന നിന്റ്റെ ലിംഗങ്ങൾ..
ചോരവാർന്ന് ജീവച്ഛവമായ നിന്റ്റെ പേക്കോലം തെരുവ് നായ്ക്കളും കഴുകൻമാരുംകൊത്തിപ്പറിക്കട്ടെ...
സകല നരകങ്ങളും നിന്നെ വിഴുങ്ങട്ടെ...
അതിലൊരല്പമാശ്വാസം കൊള്ളട്ടെ ആ നിരാലംബയാം അമ്മ..
പിന്നെ ഈ നിഷ്ക്രിയനാം ഞാനും..
ഈ പാതിമുറിഞ്ഞ വാക്ക് 
എന്റ്റെ ആത്മാവിൽനിന്നൊഴുകിയ 
രക്തതുള്ളികളാണ്...
നിന്റ്റെ മൌനം 
ചവിട്ടിയുടച്ച എന്റ്റെ കവിതയുടെ
 തിരുശേഷിപ്പുകൾ...

ഈ പാതിമുറിഞ്ഞ വാക്ക് കൊണ്ടെങ്ങനെ 
ഞാനീ കവിത മുഴുവനാക്കും...
ye milan bhi kaisa ajeeb chees hei...
har ek milan pe likha hua he judai ka pal...
hum jab milte he tab sochte he kabhi nahi honge juda...
lekin jeevan hame aise aise mod par la kar khade karta he 
ki hum juda hone ke liye majboor hote hein...
jab hum juda hote he tab sochte he kabhi bhula na pavoge.
lekin hum jithne jaldi bhulate hei 
ye hum bhi nahim janthe hei...
പ്രഭാതത്തിലും സന്ധ്യയിലും തണുപ്പായി പടരുന്ന
 നിന്റ്റെ ചുംബനങ്ങളെകുറിച്ച്...
നോക്ക് പ്രിയപ്പെട്ടവളെ നിന്നെയും 
നിന്റ്റെ ചുംബനങ്ങളെയും മറക്കാതെ 
എനിയ്ക്ക് ഒരു വരിപോലും എഴുതാനാവുന്നില്ല...
പറന്നകലാനാണെങ്കിൽ എന്തിനെന്റ്റെ ആകാശങ്ങളിൽ 
നീ മോഹത്തിന്റ്റെ വിത്തുകൾ വാരിവിതറി.?

പറന്നകലാനാണെങ്കിൽ എന്തിനെൻറ്റെ പൂമരച്ചില്ലയിൽ 
നീ പ്രേമത്തിന്റ്റെ കൂടുകൂട്ടി..?
ഞാന്‍ ഒരു ചെടി നട്ടു... 
അത് നമുക്കിടയില്‍ ഒരു വനമായി വളര്‍ന്നു...
മഴത്തുള്ളികൾ ഒരു ജാലകം തുറന്നിട്ടു...
ജാലകവാതിലൂടെ ഒരു മണൽക്കാടിന്റ്റെ ചിത്രം തെളിഞ്ഞു...
അനുഭവങ്ങളുടെ കള്ളിമുൾച്ചെടികൾ പൂത്തിരിക്കുന്നു...
മുൾക്കാടുകളിൽ ഓർമ്മകളുടെ സർപ്പങ്ങളിഴയുന്നു...
അവള്‍ മഴയുടെ ജാലകത്തിലൂടെ മരീചിക തേടി ഓർമ്മകളിലേക്ക് ഇറങ്ങിപ്പോയി.....

ഭാഷ നഷ്ടപ്പെട്ടവൻ...

മനസ്സിലുള്ളതൊന്നും പറയാൻ സാധിക്കുന്നില്ല...
പറയുന്നതൊന്നും ആർക്കും മനസ്സിലാകുന്നില്ല...
ഞാൻ ഭാഷ നഷ്ടപ്പെട്ടവൻ...
പ്രണയത്തിലേക്ക് ഒരു വിരഹത്തിന്റ്റെ ദൂരം....
വിരഹത്തിന് ഒരു ആയുസ്സിന്റ്റെ നീളം...

പുനര്‍ജ്ജനി

വ്യർത്ഥ പ്രണയത്തിന്റെ ശവസംസ്കാരം...
ഓർമ്മകൾ ഒരുപിടി ചാരമായി....
ഇരുൾമൂടിയ മനസ്സിൻ തൊടിയിലെ കുളത്തിൽ നിമഞ്ജനം ചെയ്തു.......
വിഷാദ മഗ്നമായ പ്രഭാതങ്ങളിൽ അവ ആംബലായും താമരയായും പുനർജ്ജനിക്കുന്നു.....

ദംഷ്ട്രകള്‍

നിഷ്കളങ്കമായ ബാല്യം ചീന്തിയെറിഞ്ഞ രാക്ഷസ ജന്മമേ..
നിന്റ്റെ ശരീരത്തിൽ മുളച്ചത് ആയിരം ലിംഗങ്ങളോ?
നിന്റ്റെ ഭ്രാന്തമായ കല്പനകളിൽ
നിറഞ്ഞത് കൊടും ക്രൂരതയുടെ വിഷമോ..
ഇനിയൊരാളുടെ
മേലും നിന്റ്റെ ആസുര ദൃഷ്ടി പതി യാതിരിക്കാൻ, 
ചൂഴ്ന്നെടുക്കപ്പെടട്ടെ നിന്റ്റെ കഴുകദൃഷ്ടികൾ. 
ഇനിയൊരാളുടെ മേലും
ആസക്തിയുടെ ദംഷ്ട്രകൾ പതി യാതിരിക്കാൻ,
ഛേദിക്കപ്പെടട്ടെ നിന്റ്റെ കരാളഹസ്തങ്ങൾ.
ഇനിയൊരാളുടെ മേലിലും രാക്ഷസീയമായ കാമത്തിന്റ്റെ കറ വീഴാതിരിക്കാൻ ഛേദിക്കപ്പെടട്ടെ കാടത്തം ഉദ്ധരിക്കുന്ന നിന്റ്റെ ലിംഗങ്ങൾ..
ചോരവാർന്ന് ജീവച്ഛവമായ നിന്റ്റെ പേക്കോലം തെരുവ് നായ്ക്കളും കഴുകൻമാരുംകൊത്തിപ്പറിക്കട്ടെ...
സകല നരകങ്ങളും നിന്നെ വിഴുങ്ങട്ടെ...
അതിലൊരല്പമാശ്വാസം കൊള്ളട്ടെ ആ നിരാലംബയാം അമ്മ..
പിന്നെ ഈ നിഷ്ക്രിയനാം ഞാനും..

ജാലകങ്ങള്‍

മനസ്സ്
കാർമേഘം മൂടിയ
ആകാശം പോലെ.

ചിലപ്പോഴൊക്കെ
മനസ്സിന്റ്റെ താഴ്വരയിൽ
പ്രതീക്ഷയുടെ മഴവില്ല്
വിരിയാറുണ്ട്.
മോഹങ്ങളുടെ
സ്വപ്നങ്ങളുടെ
വർണ്ണങ്ങൾ ചാലിച്ച
മഴവില്ല്.

മേഘങ്ങൾ
കണ്ണീർ പൊഴിക്കുമ്പോൾ
മഴത്തുള്ളികൾ
ഓരോരോ ജാലകങ്ങൾ തുറന്നിടുന്നു.

തുറന്നിട്ട ജാലകത്തിലൂടെ
വെയിലിൽ കുളിച്ച് നിൽക്കുന്ന
പാടങ്ങളുടെ ചിത്രം തെളിഞ്ഞു വന്നു.
പാടങ്ങളിൽ മോഹങ്ങൾ കതിരിട്ടിരിക്കുന്നു.
വരമ്പത്ത് നിൽക്കുന്ന കണിക്കൊന്നയിൽ
സ്വപ്നങ്ങൾ പൂത്തുലഞ്ഞിരിക്കുന്നു.

Wednesday, 20 March 2013

ശരശയ്യ

പാതയോരം.....
കത്തുന്ന പകൽ...
ഉണങ്ങിയ മരം....
മണൽക്കാട്‌....
ഓർമ്മകളുടെ ഭാരം പേറാനാവാതെ...
അവൻ കൂനിക്കൂടിയിരുന്നു.....

അകലെ നിന്ന് ആരോ വരുന്നു....
മരണത്തിന്റെ ദൂതൻ ....
അവൻ പ്രതീക്ഷയൊടെ മുഖമുയർത്തി....
ചുണ്ടിൽ ചുവന്ന ചായം തേച്ച
മുടിയിൽ റൊസാപ്പൂ ചൂടിയ
കടും നിറമുള്ള സാരി ധരിച്ചവൾ....
എങ്ങോ കാത്തിരിക്കുന്ന കാമുകസവിധതിലേക്ക്‌....
തിരിഞ്ഞൊന്നു നൊക്കാതെ തിടുക്കത്തിൽ കടന്നുപോയി.....
അവന്റെ ഓർമ്മകൾക്ക്‌ ഭാരമേറി.....

മറ്റൊരു നിഴൽ....
മരണത്തിന്റെ നിഴൽ.....
പ്രതീക്ഷയൊടെ അവൻ....
നെറുകയിൽ സിന്ദൂരം തൊട്ടവൾ....
തലമുടിയിൽ മുല്ലപ്പൂ ചൂടിയവൾ....
ചന്ദനത്തിന്റെ ഗന്ധമുള്ളവൾ.....
കാത്തിരിക്കുന്ന പ്രിയതമന്റെ കേളികളിൽ മുഴുകി 
തിരിഞ്ഞുനൊക്കാതെ മന്ദം നടന്നുപോയി......
ഒർമ്മകൾ ഇറക്കിവക്കാനാവാതെ അവൻ വീർപ്പുമുട്ടി....

ഒരു നിഴൽ....
കൈയിൽ പാശമേന്തിയവൻ....
പ്രതീക്ഷയൊടെ ഉറ്റുനൊക്കി....
തലമുടി പിന്നിക്കെട്ടി
ജമന്തിപ്പൂ ചൂടി
ദാവണിയുടെ തുംബ്‌ പിടിച്ച്‌....
അലസമായവൾ നടന്നു വന്നു....
അവനരികിലെത്തി തലചെരിച്ച്‌ ഒരു മൃദു മന്ദഹാസം പൊഴിച്ച്‌ സ്വപ്നത്തിലെന്ന പൊലെ നടന്നു പോയി...

അവന്റെയുള്ളിൽ ഒരായിരമോർമ്മകൾ പൊട്ടിചിതറി....
ഓരോ ഓർമ്മകളും ഒരായിരം സൂചിമുനകളായ്‌ ഉള്ളിൽ ആഴ്‌ന്നിറങ്ങി.....
കഴുകന്മാരെപ്പോലെ ഹൃദയത്തെ കൊത്തിപ്പറിച്ചു.......

ഇനിയുമെത്താത്ത മരണത്തേയും കാത്ത്‌ 
ഓർമ്മകളുടെ ശരശയ്യയില്‍
അവനാ പാഴ്മരച്ചൊട്ടിൽ കിടന്നു......