എന്റെ കൂട്ടുകാരന്
സായന്തനത്തിൽ,
ജീവിത സായന്തനത്തിൽ,
ഈ വഴി നാം ഒരുമിച്ച് സഞ്ചരിച്ചീടവെ,
നീ എന്റെ വലംകയ്യിലെ താങ്ങായി,
തോളോട് തോൾ ചേർന്ന്
ഇത്രകാതം, ഇത്ര കാലം സഞ്ചരിച്ചീടവെ
ഒരുനേരമെന്തിനോ മനം പിന്നിട്ട
പാതകളിലെ വഴിയോരക്കാഴ്ച്ചകൾ
ചിത്രങ്ങളായ് മുന്നിൽ നിരത്തീടുന്നു.
അമ്മതൻ പാലും, അമ്മതൻ സ്നേഹവും,
അമ്മതൻ രക്ഷയും, നുണഞ്ഞ ബാല്യവും,
പിന്നെ അമ്മയൊരു കൂട്ടും, അമ്മയൊരു വഴികാട്ടിയും
അമ്മയൊരു ശാസനയും അമ്മയൊരു ഗുരുവുമായ
കൗമാരവും ചിത്രങ്ങളായ് തെളിയുന്നു മുന്നിൽ.
ജീവിതച്ചില്ലകളിൽ വഴിയറിയാതെ ഞാൻ
പകച്ചു നിന്നപ്പോൾ ഒരു സാന്ത്വനമായ്,
ആശ്വാസമായ്, വഴികാട്ടിയായ് നീ
അരികിലെത്തിയതും, ഒരു കൂടപ്പിറപ്പായി നീ
എന്നെ ചേർത്തുപിടിച്ചതും, അനിയനെപ്പോലെ
എൻ നെറുകയിൽ വൽസല്യമൂറുമൊരു
ചുംബനം പകർന്നതും ചിത്രങ്ങളായ്
തെളിയുന്നു മനസ്സിൻ തിരശീലയിൽ.
പിന്നെ നാമെന്നും ഇണപിരിയാത്ത കൂട്ടുകാരായതും
അങ്ങെത്തൊടിയിലെ നിൻ പ്രണയത്തിനു
ഞാൻ സാക്ഷിയായതും, ഞാനെന്റെ പ്രണയത്തെ
കാത്ത് വഴിവക്കിലിരുന്നപ്പോൾ നീയെനിക്ക് കൂട്ടിരുന്നതും
തെളിയുന്നു ചിത്രങ്ങളായ്, ഇന്നലെ കഴിഞ്ഞപോൽ.
എന്തിനെന്നറിയാതെ നാം പിണങ്ങിയിരുന്നതും,
തൊടിയിലെ കുളത്തിൽ നാം ചൂണ്ടയിട്ട് മൽസരിച്ചതും,
ജീവിത നദി നാം ഒരുമിച്ച് തുഴഞ്ഞതും,
എന്നും നീയൊരു തുണയായി, താങ്ങായി
ഇണപിരിയാത്ത കൂട്ടായി, തൊളോട് തോൾ ചേർന്ന്
നടന്നതും തെളിയുന്നു ചിത്രങ്ങളായി,
മങ്ങാത്ത ചിത്രങ്ങളായി, വർണ്ണചിത്രങ്ങളായി.
ഒടുവിൽ നാം മണ്ണോട്മണ്ണായി പ്രകൃതിയിൽ ചേരുംവരെ
തോളൊട് തോൾ ചേർന്ന് ഈ വഴി നമുക്ക് ഒരുമിച്ച് നടന്നീടാം.
(കടപ്പാട് : Gavas Kanjiramnilkunnathil ന്റെ ചിത്രങ്ങൾ)














ചിത്രങ്ങളും വരികളും നന്നായിരിക്കുന്നു
ReplyDeleteആശംസകൾ
സൌഹൃദം തിരിഞ്ഞ് നോക്കുമ്പോള്‍ എന്നും കൊതിപ്പിക്കുന്നതാണ്. അത് അവസാനം വരെ ഉണ്ടാകുക എന്നത് ഭാഗ്യവും. വരികളില്‍ സൌഹൃദത്തെ വരച്ചിടാന്‍ കഴിഞ്ഞിട്ടുണ്ട്.
ReplyDelete